-
പ്രണയിക്കാനുണ്ട്, ഒളിച്ചോടാനില്ല
എം എസ് ദാസ് മാട്ടുമന്ത -
മിനിസ്ക്രീനിലെ അഭിനയത്തോടൊപ്പം ബിഗ് സ്ക്രീനിലും സംഗീതാമോഹന്‍ സജീവമാവുകയാണ്. ബാബു ജനാര്‍ദനന്‍ സംവിധാനംചെയ്യുന്ന "ലിസമ്മയുടെ വീട്" എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ്. സിനിമയില്‍ മികവുറ്റ കഥാപാത്രങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. ഒരുപക്ഷെ, തിരക്കുള്ള ഒരു സിനിമാനടിയെന്ന നിലയിലേക്ക് മാറിയേക്കാമായിരുന്ന തകര്‍പ്പന്‍ അവസരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ടതിന്റെ നിരാശ സംഗീതയെ കൈവിട്ടിട്ടില്ല. സ്വഭാവത്തില്‍, വിവാദത്തില്‍, അഭിനയത്തില്‍ ഒക്കെ ഒരു വ്യത്യസ്തത വച്ചുപുലര്‍ത്തുന്നുവെന്നാണ് സംഗീതയെകുറിച്ചുള്ള പൊതുവിലയിരുത്തല്‍. അതുകൊണ്ടുതന്നെയാവാം, അവസരം ചോദിച്ച് അലയാതെ കൈവരുന്ന മികച്ച സിനിമകളെ മാത്രം കാത്തിരിക്കുന്നത്.
""തുടക്കംമുതല്‍ക്കേ സിനിമയിലായാലും സീരിയലിലായാലും ശ്രദ്ധിക്കപ്പെടുന്ന നല്ല കഥാപാത്രങ്ങളെമാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. സിനിമയില്‍ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അത് കൊണ്ടുതന്നെ സിനിമയില്‍ ക്യാരക്ടര്‍ കംഫര്‍ട്ടബിള്‍ ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ, സിനിമയില്‍ സജീവമാവാന്‍ എന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. തുടക്കംമുതല്‍ക്കേ ഞാന്‍ അങ്ങനെയായിരുന്നു. നല്ല വേഷം വേണമെന്ന് പറഞ്ഞ് സംവിധായകരെയൊന്നും സമീപിച്ചിരുന്നില്ല.""-ലിസമ്മയുടെ സെറ്റില്‍ വച്ച് സംഗീത മനസുതുറന്നു. ലിസമ്മയുടെ വീട്ടില്‍ സലിംകുമാറിന്റെ മകള്‍ ട്രീസയായാണ് അഭിനയിക്കുന്നത്. മൂന്ന് പെണ്‍മക്കളില്‍ മൂത്തയാളാണ് ട്രീസ. ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലും അതിജീവനത്തോടെ ജീവിതത്തെ സമീപിക്കുന്ന കഥാപാത്രമാണിത്. സംവിധായകന്‍ ബാബു ജനാര്‍ദനാണ് ട്രീസയെന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും മാനറിസങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞുതന്നത്. യഥാര്‍ഥത്തില്‍ സംതൃപ്തി നല്‍കിയ കഥാപാത്രമാണ് ട്രീസ. സീരിയലുകളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ് സീരിയല്‍ താരങ്ങള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടാവുന്നത്. എന്നാല്‍, അടുത്ത കാലത്തായി സീരിയല്‍ താരങ്ങളും സിനിമയില്‍ ധാരാളമായി അഭിനയിക്കുന്നു. സീരിയലുകളില്‍ തിരക്കുള്ളവര്‍തന്നെയാണവര്‍.
സീരിയലുകളില്‍തന്നെ തുടക്കംമുതല്‍ അഭിനയിച്ചു തുടങ്ങിയ എന്നെ സംബന്ധിച്ചിടത്തോളം അവസരം ലഭിച്ചാല്‍മാത്രം സിനിമയില്‍ അഭിനയിക്കുകയെന്ന രീതിയാണ് അനുവര്‍ത്തിച്ചത്. മിക്ക സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. ജ്വാലയായ് എന്ന സീരിയലിലെ കഥാപാത്രം ഏറെ പ്രശംസ നേടിത്തന്നിരുന്നു.
പഞ്ചാബിഹൗസില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാന്‍ സിനിമയില്‍ സജീവമായിട്ടുണ്ടാവാം. എല്ലാം ഒരു തരം നിയോഗമാണ്. മലയാളത്തില്‍ ഹിറ്റായ പഞ്ചാബിഹൗസില്‍ മോഹിനി അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എനിക്ക് ഓഫറുണ്ടായത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഷണ്‍മുഖണ്ണനാണ് പഞ്ചാബി ഹൗസിലേക്ക് എന്നെ വിളിച്ചത്. സീരിയലുകളിലെ തിരക്കുമൂലം എനിക്ക് പഞ്ചാബിഹൗസില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചാബിഹൗസില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത് ഇന്നും എന്റെ മനസ്സില്‍ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ടി എന്‍ ഗോപകുമാറിന്റെ "ജീവന്‍മശായി" എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. പിന്നെ, "സായ്വര്‍ തിരുമേനി"യെന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ഘട്ടത്തിലും കൈനിറയെ സീരിയലുകള്‍ ഉണ്ടായപ്പോള്‍ സിനിമയില്‍ നിന്നു വന്ന ഓഫറുകള്‍ ഞാന്‍ വേണ്ടെന്ന് വച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംകൊടുത്താല്‍ ആദ്യചോദ്യം സംഗീതയുണ്ടാക്കിയ വിവാദങ്ങളെ കുറിച്ചായിരിക്കും. പറഞ്ഞുമടുത്തകാര്യങ്ങളാണ് അവ. വാസ്തവത്തില്‍, ആരോപണങ്ങളെ ഞാന്‍ കാര്യമാക്കാറില്ല. മനസ്സില്‍ സ്വാര്‍ഥതയില്ലാതെ നാം ചെയ്യുന്ന പ്രവൃത്തി സത്യവും ശരിയുമാണ്. തനിക്ക് ശരിയെന്ന് ഉറപ്പുള്ള നിലപാടുമായി മുന്നോട്ടു പോയാല്‍ ഏതു തരത്തിലുള്ള ആരോപണങ്ങളെയും അതിജീവിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ദുരിതമനുഭവിക്കുന്നവരോടൊക്കെ സ്നേഹവും സഹാനുഭൂതിയുമുണ്ടെങ്കിലും വലിയ പ്രഖ്യാപനങ്ങള്‍ നടത്തി എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കന്‍ താല്‍പര്യമില്ല. എനിക്ക് എന്റേതായ സാമൂഹ്യബോധമുണ്ട്. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നു. പട്ടിണികിടക്കുന്നവരെയും രോഗബാധിതരെയും ഒക്കെ. $ ജീവിതയാത്രയില്‍ വിവാഹത്തിന് പ്രഥമപരിഗണന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സമയമാവുമ്പോള്‍ എല്ലാം നടക്കുമെന്നാണ് വിശ്വാസം.
യഥാര്‍ഥത്തില്‍ പ്രണയം ജീവിതത്തിന്റെ ഭാഗംതന്നെയാണ്. എനിക്കും പ്രണയമുണ്ടായിട്ടുണ്ട്. ഒരാളെ പ്രണയിച്ചുവെന്ന് കരുതി വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരുടെ മനസ്സിനെ വേദനിപ്പിച്ച് ഒളിച്ചോടുന്ന രീതിയോടൊന്നും ഞാന്‍ ഒട്ടും യോജിക്കുന്നില്ല. മനസ്സിലുണ്ടാവുന്ന പ്രണയം സത്യമാണെങ്കില്‍ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ഒന്നിക്കുന്ന രീതിയാണ് ഏറെ അഭികാമ്യം.
വായനയാണ് എന്റെ ചിന്തകളെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് മാധവിക്കുട്ടിയുടെ രചനകളാണ്.
$ അച്ഛന്‍ ഗോപിമോഹന്‍ കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. അമ്മ ജയകുമാരി പബ്ലിക് സര്‍വീസ് കമീഷനില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. സഹോദരി സരിത അഗ്രികള്‍ച്ചര്‍ ഓഫീസറാണ്.



