
-
പ്രസവക്കേസ്
എം എം പൗലോസ് -
ഒടുവില്‍ കേസ് കോടതിയുടെ പരിഗണനയിലെത്തി. അഭിനയിച്ച് പ്രസവിക്കണോ? പ്രസവിച്ച് അഭിനയിക്കണോ? പ്രസവത്തോടെ അഭിനയം നിര്‍ത്തണോ?. അഭിനയത്തോടെ പ്രസവം തുടരണോ?. ഇങ്ങനെ സമകാലിക കേരള സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇതോടെ ഉത്തരമാവും.
ഹാവൂ!. എത്രനാളായി നീറുന്ന ഇത്തരം പ്രശ്നങ്ങളുടെ മുന്നില്‍ കേരളം കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്. ജനങ്ങള്‍ പണിക്കൊന്നും പോവാതെ ഇതിന്റെ ഉത്തരം കാത്ത് കഴിയുകയായിരുന്നു. പാവം ജനങ്ങള്‍!. എന്തെല്ലാം തീര്‍പ്പാക്കിയിട്ടു വേണം ഒന്ന് വേലക്ക് പോവാന്‍!. എല്ലാം ഇന്നോടെ തീരും. നിയമം തലമുടി കൈയിലെടുത്തു, ഇഞ്ചിഞ്ചായി കീറി. വാദി- പ്രതിഭാഗങ്ങള്‍ നിരന്നു. നിര്‍ണായകപ്രശ്നം. നീറുന്ന പ്രശ്നം. രാജ്യം ഉറ്റുനോക്കി. പ്രതിഭാഗം ആദ്യംതുടങ്ങി. "യുവറോണര്‍, എന്റെ കക്ഷി നിരപരാധിയും, നിഷ്ക്കളങ്കയും സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന അഭിനയകലയുടെ കുലപതിയും....."
"ഒബ്ജക്ഷന്‍... യുവറോണര്‍. കുലപതി എന്നത് പുല്ലിംഗമാണ്. ഈ കേസിലെ പ്രതി ഈ നിമിഷം വരെ സ്ത്രീയായതിനാല്‍ ഇന്ത്യന്‍ വ്യാകരണനിയമപ്രകാരം അങ്ങനെ പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്. ഇങ്ങനെ വാക്കുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ മൂന്നു വര്‍ഷം വരെ ഗ്രന്ഥനിരൂപണത്തിന് ശിക്ഷിക്കപ്പെടേണ്ടതാണ്. അതിന് വിസമ്മതിച്ചാല്‍ കോര്‍പറേഷന്‍ പരിധിയില്‍ സാമൂഹ്യ സേവനം നടത്തേണ്ടതാണ്". "യുവറോണര്‍ ആ വാക്ക് നിരുപാധികം പിന്‍വലിക്കുന്നു. ഭാഷയ്ക്കുണ്ടായ അപമാനത്തില്‍ നിര്‍വ്യാജം ദുഃഖിക്കുകയും ചെയ്യുന്നു. അതിനുപകരം അഭിനയ കലയുടെ കുലപത്നി എന്ന് പ്രയോഗിക്കാന്‍ അനുവദിച്ചാലും". കോടതി- "ആശയം വ്യക്തമല്ല" "അഭിനയ കല എന്ന കുലത്തിന്റെ പത്നി എന്നര്‍ഥം". കോടതി തലകുലുക്കി. ബുദ്ധിജീവികളുടെ സങ്കടങ്ങള്‍ കാണണം എന്നാണ് എനിക്ക് ആദ്യമായി കോടതിയെ ബോധിപ്പിക്കാനുള്ളത്. ബുദ്ധിജീവിയായി ജനിക്കുന്നത് ഒരു പാപമാണോ യുവറോണര്‍?. കഴിഞ്ഞ ഒന്നൊരവര്‍ഷമായി വിഷയങ്ങളില്ലാതെ കടുത്തപട്ടിണിയില്‍ വലയുകയായിരുന്നു ബുദ്ധിജീവികള്‍. അവര്‍ക്ക് സൗജന്യറേഷന്‍ പോലും അനുവദിച്ചില്ല. അവരെ തീര്‍ത്തും അവഗണിച്ചു. ബുദ്ധിജീവികള്‍ ഇല്ലാതായാല്‍ സമൂഹം എങ്ങനെ ചലിക്കും?
സമൂഹത്തെ ആരു നയിക്കും?. ആരു വഴി കാട്ടും?. അവര്‍ക്ക് കൃത്യസമയത്ത് വിഷയം കൊടുക്കാതെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുന്നത് സമൂഹത്തിന്റെ ഭദ്രമായ ഭാവിയെ തന്നെ തകര്‍ക്കും. ആവശ്യത്തിന് ബുദ്ധിജീവികളുള്ള രാജ്യങ്ങള്‍ മാത്രമാണ് അഭിവൃദ്ധി കൈവരിച്ചതെന്ന് ലോകചരിത്രത്തിന്റെ നാലയലത്തു കൂടി പോയവര്‍ക്ക് അറിയാം. വികസിത രാജ്യങ്ങള്‍ പരിശോധിക്കൂ. അവിടെ ആവശ്യത്തിന് ബുദ്ധിജീവികളെ കാണാം. അവിടെ നൂറിലൊരാള്‍ ബുദ്ധിജീവികളായിരിക്കും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നോക്കം പോകാനുള്ള പ്രധാന കാരണം അവിടെ ബുദ്ധിജീവികള്‍ ഇല്ല എന്നതാണ്. അവിടെ ലക്ഷത്തിലൊരാള്‍ പോലും ബുദ്ധിജീവികളല്ല. കേരളത്തില്‍ ഇത് ആഗോള നിരക്കിനേക്കാള്‍ വളരെ താഴെയാണ്. അഞ്ഞൂറിലൊന്ന് എന്നാണ് നിരക്ക്. എവിയൊണ് യുവറോണര്‍ കേരളം?.
എന്നിട്ടും ബുദ്ധിജീവികള്‍ക്കാവശ്യമായ "ഇന്റലക്ച്വല്‍ സ്പേസ്" കൊടുക്കാതെ അവിടെയൊക്കെ അനധികൃത കയ്യേറ്റം നടക്കുകയാണ്. കേരളത്തില്‍ അവശേഷിക്കുന്ന ബുദ്ധിജീവികളെ പട്ടിണിക്കിട്ട് ഇല്ലാതാക്കാനാണ് ശ്രമം. അങ്ങനെ കടുത്ത പ്രതിസന്ധിയിലായ ബുദ്ധിജീവികള്‍ക്ക് കിട്ടിയ വിഷയം എന്ന നിലക്ക് വേണം നടിയുടെ പ്രസവത്തെ കാണാന്‍. സാധാരണ മനുഷ്യര്‍ പൊതുവെ സ്വാര്‍ഥരാണ്. സ്വന്തം കാര്യം നോക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അവരെ നേരിട്ട് ബാധിക്കുമ്പോള്‍ മാത്രമാണ് എന്തെങ്കിലും താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഒരു പ്രശ്നത്തിന്റെ വേര് എവിടെ കിടക്കുന്നു, എന്താണതിന്റെ ബുദ്ധിപരമായ പ്രത്യാഘാതങ്ങള്‍...
ഇതൊന്നും അന്വേഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. നടിയുടെ പ്രസവത്തെയും അവര്‍ കാണുന്നത് അങ്ങനെയാണ്. വെള്ളിത്തിരയിലോ, വെള്ളത്തിനടിയിലോ പ്രസവിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല എന്നതാണ് അവരുടെ മട്ട്. ഒരു ബുദ്ധിജീവിക്ക് പ്രശ്നങ്ങളോട് നിര്‍വികാരമായിരിക്കാന്‍ കഴിയില്ല യുവറോണര്‍. അവര്‍ക്ക് ഏതു പ്രസവവും സ്വന്തം പ്രസവംപോലെ തന്നെ പ്രധാനമാണ്. ആശയപരമായ കൊടുക്കല്‍വാങ്ങലുകള്‍ക്ക് സാധ്യതയുള്ളതാണ് അവര്‍ക്ക് പ്രസവങ്ങള്‍. അതുകൊണ്ട് നടിയുടെ പ്രസവവും അവര്‍ക്ക് വേര്‍തിരിച്ചു കാണാനാവില്ല. പ്രസവം ബുദ്ധിജീവിയെ സംബന്ധിച്ചിടത്തോളം വെറും കാഴ്ചയല്ല. കാഴ്ചയ്ക്ക് പിന്നിലെ കാഴ്ചയാണ്, ഉള്‍ക്കാഴ്ചയാണ്. യുവറോണര്‍ എന്റെ കക്ഷി വെള്ളിത്തിരയില്‍ പ്രസവിച്ചതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എവിടെയാണ് പ്രസവിക്കേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമായി നിര്‍വചിക്കുന്നില്ല. അതുകൊണ്ട് എന്റെ കക്ഷിയുടെ പ്രസവം ഭരണഘടനാലംഘനമല്ല. ഇതില്‍ നിയമലംഘനത്തിന്റെ പ്രശ്നവും ഉദിക്കുന്നില്ല. മറിച്ച് മാതൃകാപരമാണ് ഈ പ്രസവം.
പണ്ട് തൊഴിലിടങ്ങളില്‍ തന്നെ പ്രസവിക്കുന്നവരുണ്ടായിരുന്നു.നെല്ലുകുത്തുന്നതിനിടയിലും, കല്ലുകൊത്തുന്നതിനിടയിലും പ്രസവിക്കാമെങ്കില്‍ എന്റെ കക്ഷി അഭിനയം എന്ന തൊഴിലിനിടയില്‍ പ്രസവിച്ചത് ഒരധികപ്രസവമാണോ യുവറോണര്‍?. തൊഴിലിനോടുള്ള ആത്മാര്‍ഥതയല്ലേ തെളിയിച്ചത്?. എന്റെ കക്ഷി അഭിനയം ഉപജീവനമാക്കിയതുകൊണ്ട് പ്രസവവും വെറും അഭിനയം മാത്രമാണെന്ന് കരുതി അവഗണിക്കുന്നവരുണ്ടാവും. ഒരു നടിയുടെ പ്രസവവേദന ഇങ്ങനെ അഗണ്യകോടിയില്‍ തള്ളപ്പെട്ട് പോവരുത്. അതുകൊണ്ട് ഇത് അഭിനയമല്ലെന്നും ജീവിതം തന്നെയാണെന്നും തെളിയിക്കാന്‍ സത്യസന്ധയായ ഒരു കലാകാരിക്ക് ബാധ്യതയുണ്ട്. കലയോടുള്ള കടപ്പാടാണ് യുവറോണര്‍ സ്വന്തം പ്രസവത്തിലൂടെ എന്റെ കക്ഷി തെളിയിച്ചത്്. നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ ക്യാമറക്കൈകളിലേക്ക് ഏല്‍പിക്കാന്‍ എന്റെ കക്ഷി കാണിച്ച ധീരതയെ എങ്ങനെയാണ് യുവറോണര്‍ അഭിനന്ദിക്കേണ്ടത്!. അച്ഛനെക്കാള്‍ വലുതാണ് യുവറോണര്‍ ക്യാമറ. ജീവിതങ്ങള്‍ പ്രധാനമായും ക്യാമറക്കു വേണ്ടിയല്ലേ യുവറോണര്‍?. അത് പ്രസവമായിരുന്നില്ല യുവറോണര്‍. സ്ത്രീ അമ്മയാകുന്നതിന്റെ ദൃശ്യവ്യാഖ്യനമാണ് യുവറോണര്‍ എന്റെ കക്ഷി നടത്തിയത്. അതിനെ ഇങ്ങനെ മനസ്സിലാക്കിത്തരാന്‍ നമുക്ക് ബുദ്ധിജീവികള്‍ അനിവാര്യമാണ്.
നമ്മള്‍ കാണുന്നതല്ല കാഴ്ച എന്ന് പറയാന്‍, നമ്മള്‍ കേള്‍ക്കുന്നതല്ല ശബ്ദമെന്ന് പറയാന്‍ ബുദ്ധിജീവികള്‍ അനിവാര്യമാണ്. വെള്ളിത്തിര, പരസ്യപ്രസവം എന്ന മട്ടില്‍ ലളിതമായി കണ്ടു പോവേണ്ടതല്ല ഇതെന്ന് നമ്മളെ അറിയിക്കാന്‍ ബുദ്ധിജീവികള്‍ വേണം. ഇതിനുമുമ്പും സ്ത്രീകള്‍ പ്രസവിച്ച് മാതൃത്വത്തിന്റെ മഹനീയ മുഹൂര്‍ത്തം അനുഭവിച്ചിട്ടില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. ബുദ്ധി ഇല്ലാത്ത ഇത്തരം ചോദ്യങ്ങള്‍ അവഗണിക്കുന്നു. ബുദ്ധിജീവി സംവാദത്തിനിടയില്‍ ഒന്നും സംഭാവന ചെയ്യാനില്ലാത്ത ഇത്തരം വിവേകശൂന്യമായ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതില്ല.
ഒരു സാധാരണ സ്ത്രീ പ്രസവിക്കുമ്പോള്‍ മാതൃത്വത്തിന്റെ ദൃശ്യസാധ്യതകളെ കുറിച്ച് തീര്‍ത്തും അജ്ഞയാണ്. എന്താണ് മാതൃത്വം?. എങ്ങനെയാണ് അത് അനുഭവിച്ചറിയേണ്ടത് എന്നെല്ലാം വരും തലമുറയെ പഠിപ്പിക്കുന്ന "ഡെമോണ്‍സ്ട്രേഷന്‍ ക്ലാസു"കൂടിയാണ് ഈ പ്രസവം. അഭിനന്ദിച്ചില്ലെങ്കിലും ഈ യജ്ഞത്തെ അവഹേളിക്കരുത്. ഇന്ത്യന്‍ ധാര്‍മികസംഹിതയുടെ 30, 31, 32 ശ്ലോകങ്ങള്‍ പ്രകാരം പരസ്യപ്രസവം കുറ്റകരമാണെന്ന് ചിലര്‍ വാദിക്കുന്നു. ഒരു പ്രസവംകൊണ്ട് തകര്‍ന്നു വീഴാവുന്നതാണോ നമ്മുടെ ധാര്‍മികസംഹിതയുടെ അടിത്തറ? എന്താണ് യുവറോണര്‍ പ്രസവധാര്‍മികത? വയറുകാണാന്‍ പോവുമ്പോള്‍ അലുവയും ഏത്തപ്പഴവും കൊണ്ടുപോവുന്നതാണോ ധാര്‍മികത? പ്രസവം കഴിഞ്ഞ് പോവുമ്പോള്‍ അലമാരയും കട്ടിലും, ചെമ്പു പാത്രവും കൊണ്ടു പോവുന്നതാണോ ധാര്‍മികത? സമൂഹം ആചാരങ്ങള്‍കൊണ്ട് വരച്ചിട്ട ചതുരക്കള്ളികള്‍ക്കകത്ത് കിടന്ന് സ്ത്രീകള്‍ എന്നും പ്രസവിക്കണമോ യുവറോണര്‍?.
പ്രസവങ്ങള്‍ വെറും പ്രസവമല്ല, അത് സര്‍ഗസംവാദത്തിനുള്ള വേദികളാണ്. അമ്മ, കുഞ്ഞ് എന്നിങ്ങനെ ചില ലളിതസംജ്ഞകളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല അതിന്റെ വ്യാഖ്യാനസാധ്യത. പ്രസവം വെറും പദാവലികളുടെ പ്രസിദ്ധീകരണമല്ല. എല്ലാ സ്ത്രീകളും നാളെ ക്യാമറക്കു മുന്നില്‍ പ്രസവിക്കുന്ന കാലം വരും. മാറ്റം ആദ്യം ആരും ഉള്‍ക്കൊള്ളില്ല. പിന്നെ അത് ആചാരവും അനിവാര്യവുമായി മാറും. ഇന്നലെച്ചെയ്തോരബദ്ധം...
യുവറോണറും കേട്ടു കാണുമല്ലോ. പൂട്ടിപ്പോയ സ്റ്റുഡിയോകളെല്ലാം തുറക്കാന്‍ ഇതോടെ അവസരം ലഭിക്കും. സുന്ദരമായ നാളേക്കു വേണ്ടിയാണ് എന്റെ കക്ഷി പരസ്യമായി പ്രസവിക്കാന്‍ തയ്യാറായത്. യാഥാസ്ഥിതിക സമൂഹത്തിന് മുഖമടച്ചുള്ള പ്രഹരം കൂടിയാണ് ഈ പ്രസവം. ഉല്‍പതിഷ്ണുക്കള്‍ ഈ പ്രസവം ഏറ്റുവാങ്ങുമെന്ന് ഉറപ്പാണ്. ഇത് മാറ്റത്തിന്റെ ഈറ്റുനോവാണ്. ഇത് പ്രവാചകതുല്യമായ പ്രസവമാണ്. കാലത്തിന് മുമ്പെ ചിന്തിച്ച, വെല്ലുവിളികളെ നേരിട്ട എന്റെ കക്ഷിയെ ധീരതക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്യണമെന്നും സമൂഹത്തിന് ശുദ്ധവായു നല്‍കുന്ന ബുദ്ധിജീവികളെ നിലനിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു, യുവറോണര്‍.. ഇനി വാദിക്ക് വാദിക്കാം. "പ്രതിഭാഗത്തിന്റെ വാദം കേട്ടതോടെ എനിക്ക് മനം മാറ്റം വന്നു യുവറോണര്‍. ഞാന്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയതായി അഭിമാനപൂര്‍വം അറിയിക്കുന്നു.
സത്യത്തില്‍ ഞാന്‍ ഉള്‍പ്പെടെ ലക്ഷോപലക്ഷം മനുഷ്യര്‍ അജ്ഞതയിലും അന്ധതയിലുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജ്ഞാനോദയമുണ്ടായി. ഞങ്ങള്‍ പ്രബുദ്ധരായി. ഈ പ്രസവം ഞങ്ങളെ വെളിച്ചത്തിലേക്ക് നയിച്ചു. പ്രസവമേ... നയിച്ചാലും.. എങ്കിലും ഒരു സംശയം അവശേഷിക്കുന്നു. പ്രസവിക്കുമ്പോള്‍ ടി കക്ഷിയുടെ മുഖത്ത് പ്രതിഫലിച്ചത് അഭിനയമോ? യാഥാര്‍ഥ്യമോ?.
ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഇനിയും ചിത്രീകരിക്കപ്പെടണം. സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട് യുവറോണര്‍. മരണവും ഇതുപോലെ ചിത്രീകരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം. ഈ ലോകം വിട്ടുപോവുന്നു എന്നറിയുമ്പോളുണ്ടാകുന്ന വിചാരവികാരങ്ങള്‍ സമൂഹം മനസ്സിലാക്കട്ടെ. കാലന്റെ സഞ്ചാരപഥങ്ങള്‍ ഇപ്പോഴും സമൂഹത്തിന് അജ്ഞാതമാണ് യുവറോണര്‍. കാലന്റെ വഴിയില്‍ ക്യാമറയും വരട്ടെ. അത്യുജ്വലവും അനുപമവുമായ ദൃശ്യവിരുന്നായിരിക്കും അത്. എന്തെല്ലാം സാധ്യതകളാണ്. അനാഥത്വം. തീവ്രനൊമ്പരം. ആലോചിക്കുമ്പോള്‍ രോമാഞ്ചം വരുന്നു!.
കരിഞ്ചന്തയില്‍ പോലും ടിക്കറ്റു കിട്ടാതെ കാണികള്‍ മടങ്ങിപ്പോകുന്നതാലോചിക്കുമ്പോള്‍ കോരിത്തരിക്കുന്നു. ഇതാണ് യുവറോണര്‍ യഥാര്‍ഥ സദാചാരം. ബാക്കിയെല്ലാം കപടസദാചാരമാണ് യുവറോണര്‍. ദീപസ്തംഭം മഹാശ്ചര്യമാണ് യുവറോണര്‍ യഥാര്‍ഥ സദാചാരം. ബാക്കിയെല്ലാം കപടസദാചാരം. ഞാന്‍ പിന്‍വാങ്ങുന്നു യുവറോണര്‍..." വിധി പറയാന്‍ കേസ് മാറ്റി. വിധിദിവസം കോടതി തിങ്ങിനിറഞ്ഞു. വിധി. "ബുദ്ധിജീവികള്‍ക്ക് മാസത്തിലൊന്ന് എന്ന നിരക്കില്‍ വിഷയം എത്തിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ വെള്ളംകുടി മുട്ടി ഇവ നാട്ടിലെറങ്ങും." കോടതി പിരിഞ്ഞു.



